തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ടുഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ടു ഗഡു ഡിആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആർ എന്നിവയിൽ എഴു ശതമാനം വർധനയാണു ലഭിക്കുക.
ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷനു സർക്കാർ അനുവദിച്ചതായും മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ടു ഗഡു ഡിഎ, ഡിആർ അനുവദിക്കുന്നത്. കെഎസ്ആർടിസിക്കു സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.
ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തൽ 1,035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്.